ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ അധ്യാപികമാരുടെ ശുചിമുറിയിലെ ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. നോയിഡയിലെ സെക്ടര്‍ 70-ലെ ലേണ്‍ വിത്ത് ഫണ്‍ എന്ന പ്ലേ സ്‌കൂളിന്റെ ഡയറക്ടറായ നവ്‌നിഷ് സഹായ് ആണ് ഒളിക്യാമറ വെച്ചതിന് പിടിയിലായത്. ശുചിമുറി ദൃശ്യങ്ങള്‍ തത്സമയം കമ്പ്യൂട്ടറിലൂടെയും മൊബെല്‍ ഫോണിലൂടെയും കാണാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ഇയാള്‍ സജ്ജമാക്കിയത്.

സ്‌കൂളിലെ അധ്യാപികയാണ് ഒളിക്യാമറ കണ്ടെത്തിയത്. ബള്‍ബ് ഹോള്‍ഡറില്‍ അസാധാരണമായ മങ്ങിയ വെളിച്ചം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ ക്യാമറ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ഡയറക്ടറായ നവ്‌നിഷ് സഹായിയേയും കോഓര്‍ഡിനേറ്ററായ പരുളിനേയും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ഇതോടെ, അധ്യാപിക നല്‍കിയ പരാതിയില്‍ നോയിഡ സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മിഷ്ണര്‍ ശക്തി മോഹന്‍ അവാസ്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് നവ്‌നിഷ് സഹായിയെ പോലീസ് അറസ്റ്റു ചെയ്തത്. ക്യാമറയിലൂടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ ലൈവ് സ്ട്രീമിങ് നടത്താന്‍ കഴിയുമെന്ന് പരിശോധനയില്‍ വ്യക്തമായി.

ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. 22000 രൂപയ്ക്ക് ഓണ്‍ലൈനില്‍നിന്നാണ് ഇയാള്‍ ക്യാമറ വാങ്ങിയത്. ബള്‍ബ് ഹോള്‍ഡറിനുള്ളില്‍ വെയ്ക്കാന്‍ തരത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്തതാണിത്. സമാനമായ സംഭവം നേരത്തേയും സ്‌കൂളില്‍ നടന്നതായി പരാതി നല്‍കിയ അധ്യാപിക ആരോപിച്ചു. മുന്‍പ് സ്‌കൂളിലെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ കണ്ടെത്തിയിരുന്നുവെന്നും ഇത് കോ ഓര്‍ഡിനേറ്ററായ പരുളിന് കൈമാറിയിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം.