നോയിഡ: സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ അഞ്ച് വയസ്സുകാരൻ ആരുമറിയാതെ ഉള്ളിൽ കുടുങ്ങിയത് ഏഴ് മണിക്കൂറോളം. നോയിഡയിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ ഈ സംഭവമുണ്ടായത്. സ്‌കൂൾ അധികൃതരുടെയും ബസ് ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വ്യാഴാഴ്ച രാവിലെ പതിവുപോലെ കുട്ടി വീട്ടിൽ നിന്ന് സ്‌കൂൾ ബസ്സിൽ കയറിയിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന കുട്ടി യാത്രമധ്യേ ഉറങ്ങിപ്പോയി. സ്‌കൂളിലെത്തിയപ്പോൾ മറ്റ് കുട്ടികളെല്ലാം ഇറങ്ങിയെങ്കിലും ഉറക്കത്തിലായിരുന്ന കുട്ടിയെ ബസ് ജീവനക്കാരോ ക്ലീനറോ ശ്രദ്ധിച്ചില്ല. ബസിനുള്ളിൽ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാതെ തന്നെ ഡ്രൈവർ വാഹനം 25 കിലോമീറ്റർ അകലെയുള്ള യാർഡിലേക്ക് കൊണ്ടുപോയി പാർക്ക് ചെയ്യുകയായിരുന്നു.

ഏഴ് മണിക്കൂറോളം അടച്ചിട്ട ബസിനുള്ളിൽ കുട്ടി ഒറ്റപ്പെട്ടുപോയി. ഉറക്കമുണർന്ന കുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും വിജനമായ യാർഡിൽ ആരും കേൾക്കാനുണ്ടായിരുന്നില്ല.

സ്‌കൂൾ സമയം കഴിഞ്ഞ് കുട്ടിയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടുകാർ എത്തിയപ്പോഴാണ് കുട്ടി ക്ലാസിൽ ഹാജരായിട്ടില്ലെന്ന വിവരം അധ്യാപകർ അറിയിക്കുന്നത്. എന്നാൽ രാവിലെ കുട്ടി ബസിൽ കയറിയതായി രേഖകൾ വ്യക്തമാക്കിയതോടെ കുടുംബം പരിഭ്രാന്തരായി. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ വൈകുന്നേരത്തോടെയാണ് യാർഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലുള്ള അനാസ്ഥയാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. ബസ് പാർക്ക് ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തണമെന്ന അടിസ്ഥാന സുരക്ഷാ നിയമം പോലും ഇവിടെ പാലിക്കപ്പെട്ടില്ല. സംഭവത്തിൽ കുറ്റക്കാരായ ട്രാൻസ്‌പോർട്ട് ജീവനക്കാർക്കെതിരെയും സ്‌കൂൾ അധികൃതർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.