ന്യൂഡൽഹി: വർഗീയ സംഘർഷമുണ്ടായ ഹരിയാനയിലെ നൂഹിൽ കടുത്ത നടപടിയുമായി സർക്കാർ. നൂഹിലെ പൊലീസ് സൂപ്രണ്ട് വരുൺ സിങ്ലയെ സ്ഥലം മാറ്റി. ഭിവാനിയിലേക്കാണ് സിങ്ലയെ മാറ്റിയത്. പകരം നരേന്ദർ ബിജാർനിയയെ നൂഹിലെ എസ്‌പിയായി നിയമിച്ചു.

വ്യാഴാഴ്ച രാത്രിയാണ് ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. നൂഹിൽ വിഎച്ച്പിയുടെ മതഘോഷയാത്രയും അതേത്തുടർന്നുള്ള വർഗീയ സംഘർഷവും ഉണ്ടാകുമ്പോൾ വരുൺ സിങ്ല അവധിയിലായിരുന്നു. അപ്പോൾ പൽവാൽ എസ്‌പി ലോകേന്ദ്ര സിംഗിനായിരുന്നു നൂഹിന്റെ ചുമതല നൽകിയിരുന്നത്.

വിഎച്ച്പിയും ബജ് രംഗ് ദളും ചേർന്ന് നടത്തിയ മതഘോഷയാത്ര ഒരു സംഘം ആളുകൾ തടഞ്ഞതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ, രണ്ട് പൊലീസ് ഹോം ഗാർഡുകൾ, ഒരു മുസ്ലിം പുരോഹിതൻ എന്നിവരടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. നൂഹുവിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം, പിന്നീട് ഗുരുഗ്രാം, സോഹ്ന, മനേസർ തുടങ്ങിയ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു.

വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 93 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 176 ആളുകൾ അറസ്റ്റിലായി. 90 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മൂന്നുപേരുടെ പ്രകോപനപരമായ പോസ്റ്റുകളാണ് വർഗീയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ സൂചിപ്പിക്കുന്നത്. 2300 ഓളം സമൂഹമാധ്യമ വീഡിയോകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്.