- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി എംഎൽഎമാർക്ക് കാരണം കാണിക്കൽ
ബംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കർണാടകയിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് രേഖപ്പെടുത്തുകയും വോട്ടെടുപ്പിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്ത രണ്ട് ബിജെപി എംഎൽഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. എ.ഐ.സി.സി ട്രഷറർ കൂടിയായ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് മാക്കന് ക്രോസ് വോട്ട് ചെയ്ത യശ്വന്തപുര എംഎൽഎ എസ്.ടി. സോമശേഖർ, വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന യെല്ലാപുർ മണ്ഡലം ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ എന്നിവർക്കെതിരെയാണ് പ്രതിപക്ഷ ചീഫ് വിപ്പ് ദൊഡ്ഡണ ഗൗഡ പാട്ടീൽ നോട്ടീസ് നൽകിയത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന അയോഗ്യത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കൈമാറിയത്. അഞ്ചുദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. ബിജെപി സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതിന് പകരം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്ത എസ്.ടി. സോമശേഖർ പാർട്ടി നിർദ്ദേശം ലംഘിക്കുകയായിരുന്നെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞാണ് ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. എന്നാൽ, വോട്ടെടുപ്പിന്റെ തലേദിവസം കോൺഗ്രസ് എംഎൽഎമാർ താമസിച്ചിരുന്ന ഹിൽട്ടൺ റിസോർട്ടിൽ ശിവറാം ഹെബ്ബാർ സന്ദർശനം നടത്തിയതായും കോൺഗ്രസ് എംഎൽഎയുടെ കാറിലായിരുന്നു ശിവറാം ഹെബ്ബാർ റിസോർട്ടിലെത്തിയതെന്നും ബിജെപി ആരോപിച്ചു.
ഹിമാചൽ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്കായി ക്രോസ് വോട്ടു ചെയ്ത കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്ക് പിന്നാലെയാണ് കർണാടകയിൽ ബി.ജെപി തങ്ങളുടെ രണ്ട് എംഎൽഎമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്.