പട്ന: ഒരു വയസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റിയത്. ഇതിനുപിന്നാലെ കുട്ടി പാമ്പിനെ കടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഗോവിന്ദ അബോധാവസ്ഥയിലായി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ പാമ്പ് കുട്ടിയുടെ അടുത്തേക്ക് ഇഴഞ്ഞെത്തുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അബോധാവസ്ഥയിലായതോടെ കുട്ടിയെ അടുത്തുള്ള പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

എന്നാൽ ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.