- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ മണി ഗെയിം നിയന്ത്രണ ബില്‍ പാസാക്കി ലോക്സഭ; രാജ്യത്തിന് പുറത്ത് നിന്നു പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമം ബാധകം; നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും വിവര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു. ആദ്യം പണം നിക്ഷേപിച്ച് അധികം പണം തിരികെ ലഭിക്കുന്ന ഗെയിമുകളാണ് ''ഓണ്‍ലൈന്‍ മണി ഗെയിം'' വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.
രാജ്യത്തിന് പുറത്ത് നിന്നു പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കും നിയമം ബാധകമാകും. ഇത്തരം സേവനങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കും. പുതിയ നിയമപ്രകാരം ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ പ്രചരിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ സാധിക്കില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. പരസ്യങ്ങളിലൂടെ ഇത്തരം ഗെയിമുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ രണ്ട് വര്‍ഷം തടവോ 50 ലക്ഷം രൂപ പിഴയോ ശിക്ഷയായി നല്‍കും.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ അനുവാദമില്ല. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കും. അതേസമയം, ഇ-സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിനും ബില്‍ വഴി വ്യത്യസ്ത സംവിധാനങ്ങള്‍ ഒരുക്കുന്നു. പരിശീലന അക്കാദമികള്‍, ഗവേഷണകേന്ദ്രങ്ങള്‍, സാങ്കേതിക പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവ സ്ഥാപിക്കുമെന്നും, കായിക മന്ത്രാലയം ഇ-സ്‌പോര്‍ട്‌സ് ഇവന്റുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.