ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 22 പേരും 18 നേപ്പാൾ പൗരന്മാരടക്കം 286 യാത്രക്കാരുമായി ടെൽ അവീവിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനം ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തി. ഹമാസ്-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന ഇസ്രയേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ അജയ് പ്രകാരം സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനമാണിത്.

ഓപ്പറേഷൻ അജയ് പ്രകാരമുള്ള അഞ്ചാമത്തെ വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 യാത്രക്കാർ എത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകൻ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വീകരിച്ചു. 1000ത്തിലധികം ഇന്ത്യക്കാരെ ഇസ്രയേലിൽ നിന്ന് തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.