ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി എം.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വിധി സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്ത് സ്ത്രീ ശാക്തീകരണവും സുരക്ഷയും ഉറപ്പാക്കുമെന്ന ബിജെപിയുടെ വാഗ്ദാനം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഈ വിധി സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുന്നവർക്കുള്ള ഒരു ഏർമപ്പെടുത്തലാകുമെന്ന് വിശ്വസിക്കുന്നു. പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നത് വെറും പൊള്ളയാണ്. അവർ ബിൽക്കീസ് ബാനുവിന്റെ പീഡകർക്കൊപ്പമാണ് നിൽക്കുന്നത്. കേന്ദ്രസർക്കാരും ഗുജറാത്ത് സർക്കാരും പ്രതികളെ വെറുതെ വിട്ടയക്കുന്നതിലേക്ക് സഹായിച്ചിരുന്നു. ഇരു കക്ഷികളും ബിൽക്കീസ് ബാനുവിനോട് മാപ്പ് പറയണം, ഉവൈസി പറഞ്ഞു.

പ്രതികളെ വിട്ടയച്ച് ആദ്യ ദിവസം മുതൽ സർക്കാരും ബിജെപിയും പ്രതികൾക്കൊപ്പമാണെന്ന് താൻ പറഞ്ഞിരുന്നുവെന്നും ബിൽക്കീസ് ബാനുവിന്റെ ധൈര്യവും പോരാട്ടവീര്യവുമാണ് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനുവിനെ സംരക്ഷിക്കാൻ സാധിക്കാത്ത അതേ സർക്കാരാണ് ബാനുവിനെ പീഡിപ്പിക്കുകയും അവളുടെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെറുതെവിട്ടതെന്നും ഉവൈസി കൂട്ടിച്ചേർത്തു.