ഹൈദരാബാദ്: മുസ്ലിംകൾ കൂടുതൽ കുട്ടികൾക്കു ജന്മം നൽകുകയാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സ്വത്ത് അവർക്കു നൽകുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിൽ പ്രതികരണവുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിലെ തെരഞ്ഞെടുപ്പു റാലിയിലാണ്, ഒവൈസി മോദിക്കു മറുപടി പറഞ്ഞത്.

"മുസ്ലിംകളാണ് കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നതെന്നു പറഞ്ഞ് ഭീതി പരത്താൻ നിങ്ങൾ ശ്രമിക്കുന്നത് എന്തിനാണ്? മോദി സർക്കാരിന്റെ തന്നെ ഡേറ്റ അനുസരിച്ച് രാജ്യത്ത് മുസ്ലിംകളുടെ ജനസംഖ്യാ വർധനാ നിരക്ക് കുറഞ്ഞിരിക്കുകയാണ്. മുസ്ലിംകളാണ് കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയുന്നതിൽ എനിക്കൊരു നാണക്കേടുമില്ല"- ഒവൈസി പറഞ്ഞു.

മുസ്ലിംകൾ ഭൂരിപക്ഷമാവും എന്നൊരു ഭീതി ഹിന്ദുക്കൾക്കിടയിൽ വളർത്തുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത്. ഇത് എത്രനാൾ തുടരും? ഞങ്ങളുടെ മതം വ്യത്യസ്തമായിരിക്കാം, എന്നാൽ ഞങ്ങൾ ഈ രാജ്യത്തു തന്നെയുള്ളവരാണ്- ഒവൈസി പറഞ്ഞു.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിലാണ് മോദി വിവാദമായ പ്രസംഗം നടത്തിയത്. ഇതിൽ പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ബിജെപി അധ്യക്ഷനോട് വിശദീകരണം തേടിയിട്ടുണ്ട്.