- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണഘടന ഭേദഗതി ചെയ്താൽ അത് ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും
ന്യൂഡൽഹി: ബിജെപി ആർ.എസ്.എസ് അജണ്ട പ്രകാരം ഭരണഘടന ഭേദഗതി ചെയ്താൽ അത് പാർലമെന്ററി ജനാധിപത്യത്തിന്റെ അവസാനമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കുകയും 20ലേറെ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽവരുകയും ചെയ്താൽ ഭരണഘടന തിരുത്തിയെഴുതുമെന്ന ബിജെപി ഉത്തരകന്നട എംപി അനന്ത് കുമാർ ഹെഗ്‌ഡെയുടെ പരാമർശത്തിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം.
ഭരണഘടനയെ തിരുത്തിയെഴുതുക എന്ന ബിജെപിയുടെ ഉദ്ദേശ്യം രഹസ്യമായിരുന്നില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. നിരവധി ബിജെപി നേതാക്കൾ അവരുടെ പ്രാദേശിക ഭാഷകളിൽ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരിക്കണമെന്നും ഹിന്ദി രാജ്യത്തിന്റെ ഏക ഔദ്യോഗിക ഭാഷയായിരിക്കണമെന്നും സംസ്ഥാന സർക്കാരുകളിൽ പൂർണ അധികാരം കേന്ദ്ര സർക്കാരിനുണ്ടാകണമെന്നും പലയാവർത്തി പറഞ്ഞുവെച്ചിട്ടുണ്ടെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചിദംബരം പറഞ്ഞു.
ചില സമയങ്ങളിൽ അനന്തകുമാർ ഹെഗ്‌ഡെയെപ്പോലുള്ള നേതാക്കൾ ഇത്തരം രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തും, പിന്നാലെ അവ നിഷേധിക്കുകയും ചെയ്യും. ഇത് കാലപ്പഴക്കമേറിയ തന്ത്രമാണ്. ബിജെപിയുടെ ആവശ്യങ്ങൾ നടന്നുകഴിഞ്ഞെന്നും ഭരണഘടനാ ഭേദഗതി എന്ന ആശയം ബിജെപി പരിപോഷിപ്പിക്കുന്നതിൽ ആർ.എസ്.എസ്/ബിജെപി അണികൾ ആവേശഭരിതരാണെന്നും ചിദംബരം പറഞ്ഞു. ആർ.എസ്.എസ്/ബിജെപി അജണ്ട അനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്താൽ അത് പാർലമെന്ററി ജനാധിപത്യം, ഫെഡറലിസം, ന്യൂനപക്ഷങ്ങലുടെ അവകാശങ്ങൾ, ഇന്ത്യയിലെ രണ്ട് ഔദ്യോഗിക ഭാഷകളിലൊന്നായ ഇംഗ്ലീഷ് എന്നിവയുടെ അന്ത്യം കൂടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹെഗ്‌ഡെയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വിമർശനം ഉയർന്നതോടെ അദ്ദേഹം പ്രകടിപ്പിച്ചത് വ്യക്തിപരമായ കാഴ്ചപ്പാടുകൾ മാത്രമാണെന്നായിരുന്നു ബിജെ.പിയുടെ വിശദീകരണം. ഹെഗ്‌ഡെയുടെ വാക്കുകൾ പാർട്ടിയുടെ ആശയത്തെ പ്രതിഫലിക്കുന്നില്ലെന്നും ബിജെപി കർണാടക ഘടകം എക്‌സിൽ കുറിച്ചിരുന്നു.
ഉത്തരകന്നടയിൽ പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമർശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്. ബിജെപി 400 സീറ്റുകളിൽ വിജയിക്കാൻ എല്ലാവരും കണിശമായും സഹായിക്കണം. കോൺഗ്രസ് നേതാക്കൾ പല കാലങ്ങളിലായി ഭരണഘടന ഭേദഗതി വരുത്തിയിട്ടുണ്ട്. അതൊന്നും ഹിന്ദുയിസം മുൻനിർത്തിയായിരുന്നില്ല. നമുക്ക് നമ്മുടെ മതസംരക്ഷണം മുൻനിർത്തി അത് ചെയ്യേണ്ടതുണ്ട്.