അമരാവതി: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്‌കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡല്‍ഹിയില്‍ നായിഡു സര്‍ക്കാരിനെതിരേ ജഗന്‍ മോഹന്‍ റെഡ്ഡി ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഡല്‍ഹിയില്‍ പ്രതിഷേധം.

പാബ്ലോ ഒരു കൊളംബിയന്‍ മയക്കുമരുന്ന് വ്യാപാരശൃംഖലയുടെ രാജാവാണ്. അദ്ദേഹം പിന്നീട് രാഷ്ട്രീയക്കാരനായി മാറി. 30 ബില്ല്യണ്‍ ഡോളര്‍ അന്ന് അയാള്‍ സമ്പാദിച്ചു. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യണ്‍ ഡോളറോളം വരും. 1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിറ്റും ഒരാള്‍ക്ക് സമ്പന്നനാകാം.

മുന്‍ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു. ടാറ്റ, റിലയന്‍സ്, അമ്പാനി എന്നിവരുടെ പക്കല്‍ പണമുണ്ട്. അവരേക്കാള്‍ സമ്പന്നനാകാന്‍ അദ്ദേഹം ആഗ്രഹിച്ചു. ചില ആളുകള്‍ക്ക് ആവശ്യമുണ്ട്. ചിലര്‍ക്ക് അത്യാഗ്രഹങ്ങളും. മറ്റ് ചിലര്‍ക്ക് ഉന്മാണ്. ഈ ആളുകള്‍ പണം സമ്പാദിക്കാന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു, ജഗന്‍ മോഹന്‍ റെഡ്ഡിയെ ഉന്നംവെച്ചുകൊണ്ട് നായിഡു പറഞ്ഞു.

ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജഗനെതിരേ നിരവധി വിഷയങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. ടി.ഡി.പി എം.എല്‍.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തത്. കൂടാതെ, നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അവസാനിപ്പിച്ചതിന് പിന്നിലും സര്‍ക്കാര്‍ ഇടപെടലുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.