ജലന്ധർ: പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്ന് ചരക്ക് കൈമാറ്റം ചെയ്യുന്നതിനായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക്കിസ്ഥാൻ ഡ്രോണിനെ വെടിവെച്ചിട്ടതായി അതിർത്തി സുരക്ഷാ സേന(ബിഎസ്എഫ്) വക്താവ് അറിയിച്ചു. അമൃത്സർ ജില്ലയിൽ ഭൈനി രാജ്പുത്താന ഗ്രാമത്തിലാണ് സംഭവം. രണ്ട് കിലോയോളം മയക്കുമരുന്ന് നിറച്ച ഡ്രോൺ അതിർത്തി രക്ഷാ സേന തടയുകയായിരുന്നു.

ഡ്രോണിൽ ഇരുമ്പ് വളയം ഘടിപ്പിച്ചാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഡ്രോൺ വയലിലോ മറ്റോ വീഴുമ്പോൾ മയക്കുമരുന്ന് കടത്തുന്നവർക്ക് എളുപ്പം ചരക്ക് കണ്ടെത്താനായി ഓൺ ചെയ്തു വെച്ച ഒരു ചെറിയ ടോർച്ചും കൂടെയുണ്ട്. മെയ് 19 ന് ശേഷം പഞ്ചാബ് അതിർത്തിയിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഡ്രോണാണിത്.