മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചാലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതിനുശേഷം വലിയ രീതിയിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. വിവാഹ നിശ്ചയത്തിനുശേഷം പലാഷിന്റെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയായിരുന്നു സ്മൃതിയും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്.

പലാഷിനും അമ്മക്കുമെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകളുമായി ചലച്ചിത്ര നിര്‍മാതാവ് വിജ്ഞാന്‍ മാനെ രംഗത്തു വന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും ബോംബെ ഹൈകോടതി മാനെക്ക് വിലക്ക് ഏര്‍പ്പെടുത്തി. മാധ്യമ അഭിമുഖങ്ങളിലെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെയും പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി എടുത്തത്.

തനിക്കും കുടുംബത്തിനുമെതിരെ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തടയാനും നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനും ആവശ്യപ്പെട്ടാണ് പലാഷ് കോടതിയെ സമീപിച്ചത്. സ്മൃതി മന്ദാനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് വിജ്ഞാന്‍ മാനെ. പലാഷിനൊപ്പം ഒരു സിനിമ സഹനിര്‍മാണം ചെയ്യാമെന്ന് മാനെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പലാഷ് വലിയൊരു തുക മുടക്കിയെങ്കിലും മാനെ വാഗ്ദാനം ചെയ്ത പണം നല്‍കിയില്ല. ഇത് ഇരുവരും തമ്മില്‍ തര്‍ക്കത്തിന് കാരണമായി. അതിനിടയില്‍ വിവാഹം റദ്ദാക്കപ്പെട്ടതോടെ മാനെ അഭിമുഖങ്ങള്‍ നല്‍കി മനപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പലാഷ് പരാതിയില്‍ പറയുന്നത്.

രേഖകള്‍ പരിശോധിച്ച കോടതി ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പലാഷിനും അമ്മക്കുമെതിരെ അപകീര്‍ത്തപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും മാനെയെ വിലക്കി. തന്റെ പ്രശസ്തിയും കരിയറും മനഃപൂര്‍വം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാന്‍ മാനെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ അപകീര്‍ത്തിക്കേസിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമപരമായ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പലാഷ് പറഞ്ഞു.