ഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിർദ്ദേശം. ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയില്‍നിന്ന് പൂര്‍ണമായും പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്തുക്കള്‍, മറ്റ് ദൈനംദിന ഉപഭോഗവസ്തുക്കള്‍ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുന്‍നിരകമ്പനികളുടെ പട്ടികയില്‍ പതഞ്ജലി ഉള്‍പ്പെടുന്നു.

സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാള്‍ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്‌സ് വ്യക്തമാക്കിയിരുന്നു.