ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തലമുണ്ഡലം ചെയ്തു ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെഷ്നേവ. സിങ്കപ്പൂരില്‍ സമ്മര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് എട്ട് വയസുള്ള മകന്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ക്ഷേത്രദര്‍ശനവും തലമുണ്ഡനം ചെയ്യലും.

തീപിടുത്തമുണ്ടാകുന്ന സമയത്ത് ക്യാമ്പില്‍ 30 കുട്ടികളാണുണ്ടായിരുന്നത്. അതില്‍ ഒരു കുട്ടി മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്യാമ്പിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകട സ്ഥലത്ത് ആദ്യം എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പവന്‍ കല്യാണിന്റെ മകന് കൈക്കും ശ്വാസകോശത്തിനുമാണ് പരിക്കുണ്ടായിരുന്നത്. സിംഗപ്പൂരില്‍ ചികിത്സക്ക് ശേഷം ശനിയാഴ്ച രാത്രി കല്യാണിനൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി.

മകന്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയാല്‍ തല മൊട്ടയടിക്കുമെന്ന് അന്ന പ്രതിജ്ഞയെടുത്തിരുന്നു. തുടര്‍ന്നാണ് തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിയായതിനാല്‍, ഗായത്രി സദനില്‍ ക്ഷേത്ര അധികൃതരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപന ഫോമുകളില്‍ ഒപ്പിട്ടാണ് അന്ന തല മുണ്ഡനം ചെയ്ത് ആചാരങ്ങള്‍ അനുഷ്ഠിച്ചത്.