ഹൈദരാബാദ്: സിംഗപ്പൂരിലെ ഒരു സ്‌കൂളില്‍ നടന്ന തീപിടിത്തത്തില്‍ തെലങ്കാന ഉപമുഖ്യമന്ത്രിയും പ്രശസ്ത നടനുമായ പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കര്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ട്. എട്ട് വയസ്സുകാരനായ മാര്‍ക്ക് ശങ്കറിന്റെ കൈക്കും കാലിനും പരിക്കേറ്റു. തീപിടിത്തത്തില്‍ നിന്ന് പുറത്ത് വരുന്നതിനിടെ പുക ശ്വസിച്ചതിനാല്‍ ശ്വാസകോശത്തില്‍ അസ്വസ്ഥതയും ഉണ്ടായി. ഇപ്പോള്‍ മാര്‍ക്ക് സിംഗപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്.

സംഭവം നടക്കുമ്പോള്‍ ഔദ്യോഗിക പരിപാടികളിലായിരുന്നു പവന്‍ കല്യാണ്‍. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ ക്ഷേത്രദര്‍ശനത്തിനിടയില്‍ ആണ് വിവരം ലഭിച്ചത്. അതിനാല്‍ തന്നെ നേരത്തെ തീരുമാനിച്ച വിശാഖപട്ടണം യാത്രയ്ക്കും മറ്റു പരിപാടികള്‍ക്കും മാറ്റം വരുത്തേണ്ടിവന്നു. പവന്‍ ഉടന്‍ സിംഗപ്പൂരിലേക്ക് പുറപ്പെടുമെന്നാണ് സൂചന.

2017ല്‍ പവന്‍ കല്യാണിന്റെയും മൂന്നാം ഭാര്യയായ അന്ന ലെസ്‌നേവയുടെയും മകനായി ജനിച്ച മാര്‍ക്ക് ശങ്കര്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ പരിക്ക് ഗുരുതരം അല്ലെങ്കിലും കുട്ടി ക്ഷീണിതനാണെന്നാണ് വിവരം.