ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സമ്മാനമായി 108 ഇതളുകളുള്ള താമരയുമായി കേന്ദ്ര ഗവേഷണകേന്ദ്രം. ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 108 ഇതളുകളുള്ള പുതിയ ഇനം താമരയ്ക്ക് പേര് 'നമോ 108' എന്നാണ്. ലഖ്നൗവിൽ കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് പരിചയപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ നിരന്തരമായ അത്യുത്സാഹത്തിനുള്ള മഹത്തായ സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക ഗവേഷണകേന്ദ്രമായ സി.എസ്‌ഐ.ആർ.-എൻ.ബി.ആർ.ഐ.യുടെ ലഖ്നൗ കേന്ദ്രമാണീ താമര വികസിപ്പിച്ചത്. ഈയിനം താമര മാർച്ചുമുതൽ ഡിസംബർവരെയാണ് കൃഷിചെയ്യുന്നതെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതികമന്ത്രാലയം അറിയിച്ചു. താമര നാരുകൊണ്ട് നെയ്ത തുണിത്തരങ്ങളും താമരപ്പൂക്കളിൽനിന്ന് നിർമ്മിച്ച സുഗന്ധദ്രവ്യവും മന്ത്രി ജിതേന്ദ്രസിങ് ഇതോടൊപ്പം പുറത്തിറക്കി.

നാഷണൽ ബാംബൂ മിഷൻ, നാഷണൽ ഹണി ആൻഡ് ബീ മിഷൻ എന്നിവ പ്രവർത്തിക്കുന്ന രീതിയിലായിരിക്കും നാഷണൽ ലോട്ടസ് മിഷൻ പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം, എൻ.ബി.ആർ.ഐ.-നിഹാർ എന്നപേരിൽ പുതിയ കറ്റാർവാഴ ഇനവും ഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്.