കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ വെള്ളത്തിന് അടിയിലൂടെയുള്ള മെട്രോ റെയിൽ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. ഹൂഗ്ലിനദിക്ക് അടിയിലൂടെയാണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. സ്‌കൂൾ കുട്ടികൾക്കൊപ്പം മോദി മെട്രോയിൽ സഞ്ചരിച്ചു. രാജ്യത്തെ വിവിധ മെട്രോകളുടെ വികസന പദ്ധതികളുടെ ഫ്ലാഗ് ഓഫ് കർമ്മം ഓൺലൈനായി നിർവഹിച്ചതിനൊപ്പമാണ് കൊൽക്കത്ത മെട്രോയുടെ എക്സ്റ്റൻഷൻ പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തത്.

520 മീറ്റർ നീളമുള്ള ടണലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. യാത്രയ്ക്കിടെ, വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി ആശയവിനിയമം നടത്തി. വെള്ളത്തിനടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡ് കൊണ്ട് മെട്രോ ട്രെയിൻ പിന്നിടുമെന്നാണ് കണക്കുകൂട്ടൽ.

ഹൗറ മൈതാൻ മുതൽ എക്സ്പ്ലനേഡ് വരെ നീളുന്ന അണ്ടർവാട്ടർ മെട്രോ പാത ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ഭാഗമായാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഹൗറ മൈതാനിനെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയിൽ 4.8 കിലോമീറ്റർ ദൂരമാണ് മെട്രോ ടണൽ വരുന്നത്. ഇതിൽ 520 മീറ്റർ ദൂരമാണ് അണ്ടർവാട്ടർ മെട്രോയായി ഹൂഗ്ലി നദിക്ക് അടിയിലൂടെ പോകുന്നത്. നദിയിൽ 30 മീറ്റർ താഴ്ചയിലാണ് മെട്രോ ടണൽ.

എൻജിനീയറിങ് അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന അണ്ടർവാട്ടർ ടണൽ, കൊൽക്കത്തയുടെ പൊതുഗതാഗതരംഗം കൂടുതൽ മെച്ചപ്പെടുന്നതിന് സഹായകമാകും. സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ. ഉപരിതലത്തിൽനിന്ന് 33 മീറ്റർ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങൾ എഞ്ചിനീയറിങ് വിസ്മയമായി കണക്കാക്കപ്പെടുന്നു. കൊൽക്കത്ത മെട്രോ വികസന പദ്ധതിയുടെ ഭാഗമായാണ് അണ്ടർ വാട്ടർ ടണൽ. കൊൽക്കത്ത വഴി സാൾട്ട് ലെയ്ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ വികസന പദ്ധതി.