മീററ്റ്: ഹോളി ദിനത്തിൽ വിദ്യാർത്ഥി നിസ്‌കരിച്ചു എന്ന് ആരോപിച്ച് അറസ്റ്റ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. സ്വകാര്യ സർവകലാശാലയുടെ തുറസായ സ്ഥലത്ത് നിസ്‌കരിച്ച വിദ്യാർഥിയാണ് പിടിയിലായിരിക്കുന്നത്. പ്രദേശത്തുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ഖാലിദ് പ്രധാൻ എന്ന വിദ്യാർഥിയെ പോലീസ് പിടികൂടിയത്

സ്വകാര്യ സർവകലാശാലയായ ഐഐഎംടിയുടെ മൈതാനത്ത് ഹോളി ദിനത്തിൽ വിദ്യാർഥി നിസ്‌കരിക്കുന്ന വീഡിയോ സഹിതം പുറത്തുവന്നിരുന്നു. പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉടലെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിയെയും മൂന്ന് സുരക്ഷാ ജീവനക്കാരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

കാർത്തിക് ഹിന്ദു എന്ന വ്യക്തിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗംഗാ നഗർ എസ്എച്ച്ഒ അനൂപ് സിങ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ വിശ്വാസത്തെയോ അപമാനിക്കാനും മതവികാരത്തെ വ്രണപ്പെടുത്താനും ഉദ്ദേശിച്ച് മനപ്പൂർവമുള്ള പ്രവൃത്തി), ഐടി ആക്ടിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.