സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ മകന്റെ 19-ാം പിറന്നാൾ ആഘോഷിക്കാനായി നടുറോഡ് തടഞ്ഞ് പടക്കം പൊട്ടിച്ച വ്യവസായിക്കെതിരെ കേസെടുത്ത് പോലീസ്. ദുമാസ് മേഖലയിൽ വെച്ച് ഡിസംബർ 21-നാണ് ഈ സംഭവം നടന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പാടില്ലെന്ന പോലീസ് കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചതിനാണ് 58 വയസ്സുകാരനായ ഇസാർദർ എന്ന വ്യവസായിക്കും അദ്ദേഹത്തിന്റെ സംഘാംഗങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

റോഡ് തടഞ്ഞ് വാഹനഗതാഗതം സ്തംഭിപ്പിച്ച് ഇസാർദറും സംഘവും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഹോണടിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച വാഹനങ്ങൾക്കു നേരെ പടക്കം ചൂണ്ടുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമാണ്.

തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഇസാർദർ പിന്നീട് രംഗത്തെത്തി. മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കുന്ന ആഘോഷങ്ങൾ ഈ മേഖലയിൽ പതിവാണെന്നും, അവയ്‌ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും അദ്ദേഹം വാദിച്ചു. തന്റെ പ്രതിച്ഛായ തകർക്കുന്നതിന് ലക്ഷ്യമിട്ട് എതിരാളികളാണ് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതെന്നും ഇസാർദർ ആരോപിച്ചു. താനൊരു സെലിബ്രിറ്റിയാണെന്നും, അഞ്ച് മിനിറ്റ് റോഡ് തടഞ്ഞത് അത്ര വലിയ കുറ്റകൃത്യമാണോ എന്നും അദ്ദേഹം ചോദ്യം ഉന്നയിക്കുകയുണ്ടായി.