മുംബൈ: മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മോഷണസംഘം വിഷം കുത്തിവച്ചതിനെ തുടർന്ന് പൊലീസുകാരൻ മരിച്ചു. മുപ്പതുകാരനായ പൊലീസുകാരൻ വിശാൽ പവാറാണ് താനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസുകാരൻ മരണത്തിന് കീഴടങ്ങിയത്.

ഏപ്രിൽ 28 തീയതി സബർബൻ ട്രെയിനിൽ ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസുകാരൻ ആക്രമിക്കപ്പെട്ടത്. ഇയാൾ വാതിലിന് സമീപം നിൽക്കുകയും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുംബൈയിലെ സിയോൺ- മാതുംഗ സ്റ്റേഷന് സമീപം ട്രെയിനിന്റെ വേഗം കുറഞ്ഞപ്പോൾ ട്രാക്കിലുണ്ടായിരുന്ന മോഷ്ടാവ് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന പൊലീസുകാരന്റെ കൈയിൽ അടിക്കുകയും മൊബൈൽ ഫോൺ താഴെ വീഴുകയും ചെയ്തു.

ഇതിനിടെ പ്രതി ഫോണെടുത്ത് ട്രാക്കിലുടെ ഓടാൻ തുടങ്ങി. ട്രെയിൻ മെല്ലെയായതിനാൽ പൊലീസുകാരൻ ചാടി ഇറങ്ങി മോഷ്ടാവിനെ പിന്തുടർന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ലഹരിക്ക് അടിമയായ ഒരു സംഘം അദ്ദേഹത്തെ വളയുകയും അവർ തമ്മിൽ തർക്കമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

സംഘർഷത്തിനിടെ അക്രമികളിലൊരാൾ വിശാലിന്റെ മുതുകിൽ വിഷ വസ്തുകുത്തിവയ്ക്കുകയും മറ്റൊരാൾ ചുവന്ന തരത്തിലുള്ള ഒരുദ്രാവകം വായിൽ ഒഴിക്കുകയും ചെയ്തു. അതിന് പിന്നാലെ വിശാൽ ബോധരഹിതനായതായും പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയ വിശാൽ വീട്ടിലേക്ക് മടങ്ങി. ആരോഗ്യം വഷളായതിനെ തുടർന്ന് വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ചികിത്സയിലിരിക്കെ വിശാൽ മരിച്ചു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ കേസ് എടുത്തതായും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.