ബംഗളൂരു: കർണാടകയിൽ മുൻ ബിജെപി നേതാവും എംഎ‍ൽഎയുമായിരുന്ന പൂർണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്. ഒക്ടോബർ 20നായിരിക്കും പൂർണിമയുടെ പാർട്ടി പ്രവേശം. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ അസംബ്ലി സീറ്റിലെ എംഎ‍ൽഎയായിരുന്നു പൂർണിമ ശ്രീനിവാസ്.

2023 തെരഞ്ഞെടുപ്പ് സമയത്ത് പൂർണിമ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അന്ന് അഭ്യൂഹങ്ങളെ തള്ളിയ പൂർണിമ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും കോൺഗ്രസിന്റെ ഡി. സുധാകറിനോട് പരാജയപ്പെടുകയുമായിരുന്നു.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എ. കൃഷ്ണപ്പയുടെ മകളാണ് പൂർണിമ ശ്രീനിവാസ്. 30 വർഷക്കാലം കോൺഗ്രസിനെ സേവിച്ച കൃഷ്ണപ്പ പിന്നീട് ജനതാദൾ സെക്യുലറിന്റെ ഭാഗമാകുകയായിരുന്നു. 2013ൽ കൃഷ്ണപ്പ ഹിരിയൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുകയും കോൺഗ്രസിന്റെ ഡി. സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2018ൽ ഇതേ സീറ്റിൽ നിന്നും മത്സരിച്ചാണ് ഡി. സുധാകറിനെ തോൽപിച്ച് പൂർണിമ അധികാരത്തിലെത്തിയത്.