ന്യൂഡല്‍ഹി: രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന് അനുവദിച്ച നടപടി സി.ഐ.എസ്.എഫിന്റെ വിജയഗാഥയിലെ ഒരു പുതിയ ഏടെന്ന് സേനാവൃത്തങ്ങള്‍. സുപ്രധാന ഈ നാഴികല്ല് സേനയുടെ കരുത്തു വര്‍ധിപ്പിക്കും. രാജ്യത്തുടനീളമുള്ള സമുദ്ര അതിര്‍ത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായാണ് സിഐഎസ്എഫിനെ നിയമിച്ചിരിക്കുന്നത്.

.സുരക്ഷാ സംവിധാനങ്ങളും ഗാഡ്ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ അട്ടിമറി വിരുദ്ധ നടപടികള്‍ ഉള്‍പ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങള്‍ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്‌മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകള്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളോ സംസ്ഥാന പൊലീസ് സേനകളോ നിര്‍വഹിക്കും.

നിലവില്‍ 13 പ്രധാന തുറമുഖങ്ങള്‍ സിഐഎസ്എഫ് പരിധിയിലാണെങ്കിലും, 67 അധിക പ്രധാന തുറമുഖങ്ങളിലെ സുരക്ഷ ഉടന്‍ തന്നെ ഈ സേന കൈകാര്യം ചെയ്യും. കാര്‍ഗോ സ്‌ക്രീനിംഗ്, ആക്സസ് കണ്‍ട്രോള്‍, മറ്റ് സുരക്ഷാ വിശദാംശങ്ങള്‍ എന്നിവ പ്രധാനമായും ഈ സേന കൈകാര്യം ചെയ്യും.

ഇന്ത്യയില്‍ കുറഞ്ഞത് 200 ഓളം ചെറുതും വലുതുമായ തുറമുഖങ്ങളുണ്ടെങ്കിലും 65 എണ്ണം മാത്രമേ കാര്‍ഗോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. നിലവില്‍ സിഐഎസ്എഫ് പരിധിയില്‍ ഇല്ലാത്ത മറ്റ് തുറമുഖങ്ങളിലെ സുരക്ഷ സംസ്ഥാന പൊലീസും സ്വകാര്യ ഏജന്‍സികളുമാണ് കൈകാര്യം ചെയ്യുന്നത്.