- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പിൽ അടിയൊഴുക്ക് ഇന്ത്യാ സഖ്യത്തിന് അനുകൂലം; പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാമാണു രാജ്യത്തെ പ്രധാന വിഷയങ്ങളെന്ന് പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പിലെ അടിയൊഴുക്ക് ഇന്ത്യാ സഖ്യത്തിന് അനുകൂലമാകുമെന്നും ഫലം വരുമ്പോൾ വിജയം സഖ്യത്തോടൊപ്പമാകുമെന്നും അവർ പറഞ്ഞു.
ഡൽഹിയിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ശക്തമായ അടിയൊഴുക്കുണ്ട്. തങ്ങളുടെ ആശങ്കകൾക്കു ഭരണകൂടം ശ്രദ്ധ നൽകുന്നില്ലെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. എല്ലാത്തിനെക്കുറിച്ചും സംസാരിക്കുന്ന ബിജെപി നേതാക്കൾ പ്രധാന വിഷയങ്ങളായ വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും സംസാരിക്കുന്നില്ല. ജനങ്ങൾ മടുത്തിരിക്കുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾക്കാണോ വോട്ട് ചെയ്തതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: "അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് ഞങ്ങൾ വോട്ട് ചെയ്യുന്നത്. അതിൽ അഭിമാനമേയുള്ളൂ.."
ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചാണു തുടക്കംതൊട്ടേ കോൺഗ്രസ് സംസാരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അവ ഉയർത്തിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഞങ്ങളുടെ പ്രകടനപത്രികയും അതേക്കുറിച്ചാണു സംസാരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൾ മിറായ വാദ്ര, മകൻ റൈഹാൻ വാദ്ര എന്നിവർക്കൊപ്പമായിരുന്നു പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്.