- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട വീട് പള്ളിയാക്കി ഉപയോഗിക്കുന്നതായി ആരോപണം; മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നിൽ ഹിന്ദു സംഘടനയുടെ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ
പിത്തോരാഗഡ്: ഉത്തരാഖണ്ഡിൽ അനധികൃത പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനയുടെ പ്രതിഷേധം. ബെറിനാഗിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം കനത്തതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ സേവാ സംഗതൻ ആണ് പ്രകടനം നടത്തിയത്.
ബെറിനാഗിലെ ഉപേക്ഷിക്കപ്പെട്ട ഒരു വീട് പള്ളിയാക്കി മാറ്റിയെന്നും ഇത് നമസ്‌കാരത്തിനുള്ള സ്ഥലമായി ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സംഘടനയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് പിത്തോരഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് ഗിരീഷ് ഗോസ്വാമി പറഞ്ഞു.
‘അനധികൃത മസ്ജിദ് നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ ഞങ്ങൾക്ക് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തേണ്ടിവരുമെന്ന്’ സംഘടനയുടെ സ്ഥാപക പ്രസിഡന്‍റ് ഹിമാൻഷു ജോഷി പറഞ്ഞു.
ഹൽദ്വാനിയിൽ താമസിക്കുന്ന അസിമിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് ആരോപണത്തിന് വിധേയമായത്. കഴിഞ്ഞ 25 വർഷമായി നൂറോളം മുസ്‌ലിം കുടുംബങ്ങൾ നമസ്‌കരിക്കാൻ
ഈ പഴയ വീട് ഉപയോഗിച്ചുവരുന്നതായി നാട്ടുകാർ പറഞ്ഞു. വീടിന്റെ ഒരു ഭാഗം മദ്രസയായും ഉപയോഗിക്കുന്നുവെന്നും അവർ പറഞ്ഞു. പുറത്തുനിന്ന് നോക്കുമ്പോൾ ഇത് മറ്റേതൊരു വീടും പോലെയാണെങ്കിലും വർഷങ്ങളായി ഉള്ളിൽ പ്രാർഥനക്ക് ഉപയോഗിച്ചുവരുന്നതാണെന്ന് നാട്ടുകാർ അറിയിച്ചു.
മുസ്‍ലിം പള്ളി തത്സമയം സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചതിന് രാഷ്ട്രീയസേവാ സംഗതൻ അംഗങ്ങൾക്കെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭാരതീയ ന്യായ് സംഹിതയിലെ മതത്തിന്റെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ പ്രകാരമാണ് കേസെടുത്തിരുന്നത്.
നേരത്തെ, രജിസ്റ്റർ ചെയ്യാത്ത ഭൂമിയിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് സെപ്തംബർ 9 ന് ഹിന്ദു സംഘടനയായ സംയുക്ത് സനാതൻ ധരം രക്ഷക് സംഘം ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് മെഹർബൻ സിംഗ് ബിഷ്ടിന് നിവേദനം നൽകിയിരുന്നു. മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം സമർപ്പിച്ചത്. എന്നാൽ, രേഖകൾ പരിശോധിച്ച മസ്ജിദ് നിയമവിരുദ്ധമല്ലെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു.