മുംബൈ: വടക്കൻ മുംബൈയിലെ മലാഡിൽ രണ്ടുമാസം മാത്രം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ 20 വയസുകാരനെതിരെ കേസെടുത്തു. വികാസ് ബേസകർ പാസ്വാൻ എന്നയാളാണ് കുരാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ പിടിയിലായത്.

മലാഡിലെ ഒരു പൊതു ടോയ്ലറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവ് നായ്ക്കുട്ടിയെ ടോയ്ലറ്റിനുള്ളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നായ്ക്കുട്ടിയുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഗീത പട്ടേൽ എന്ന വഴിയാത്രക്കാരിയാണ് പോലീസിനെ വിവരമറിയിച്ചത്. ഇതേത്തുടർന്ന് പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 (മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്നതിലൂടെയുള്ള ഉപദ്രവം) പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് വികാസ് ബേസകർ പാസ്വാന് എതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയെങ്കിലും ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.