മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറിലുള്ള നാഗേശ്വർ ക്ഷേത്രത്തിൽ മുസ്ലിം എം.എൽ.എ സന്ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രപരിസരം ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ശിവസേന എംഎൽഎ അബ്ദുൽ സത്താറാണ് ക്ഷേത്ര ദർശനം നടത്തിയത്. മഹാശിവരാത്രിയോടനുബന്ധിച്ചായിരുന്നു എംഎൽഎയുടെ ക്ഷേത്ര ദർശനം. അബ്ദുൽ സത്താറും അനുയായികളും ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ഉടൻ, ഒരു സംഘം യുവാക്കൾ ക്ഷേത്രത്തിൽ ഗോമൂത്രം തളിച്ച് ശുദ്ധീകരണ യജ്ഞം നടത്തുകയായിരുന്നു.

അബ്ദുൽ സത്താർ മാംസാഹാരം കഴിക്കുന്നയാളാണെന്നും അത്തരമൊരാൾ ക്ഷേത്രത്തിൽ പ്രവേശിച്ചത് അശുദ്ധിയുണ്ടാക്കിയെന്നുമാണ് ശുദ്ധീകരണം നടത്തിയവർ ആരോപിച്ചത്. ഹിന്ദുമതം സ്വീകരിക്കാത്ത ഒരാൾക്ക് ക്ഷേത്രത്തിൽ, പ്രത്യേകിച്ച് ശ്രീകോവിലിൽ പ്രവേശിക്കാൻ പാടില്ലായിരുന്നെന്ന് ആത്മീയ സംഘടനാ നേതാവായ തുഷാർ ഭോസ്‌ലെ വാദിച്ചു.

"നമ്മുടെ ക്ഷേത്രങ്ങൾ സ്മാരകങ്ങളല്ല. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന്, പ്രത്യേകിച്ച് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ചില മതപരമായ നിയമങ്ങളുണ്ട്. നിങ്ങൾക്ക് പ്രാർത്ഥന നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ ആദ്യം ഹിന്ദുമതം സ്വീകരിക്കുക. തുടർന്ന് നമ്മുടെ ദേവതകളുടെ അനുഗ്രഹം തേടുക," തുഷാർ ഭോസ്‌ലെ വ്യക്തമാക്കി. എന്നാൽ, തുഷാർ ഭോസ്‌ലെയുടെ വാദങ്ങളെ ശക്തമായി എതിർത്ത് ശിവസേന നേതാവ് ദാൻവെ രംഗത്തെത്തി.

ക്ഷേത്രങ്ങളായാലും പള്ളികളായാലും അവയെല്ലാം പൊതുസ്ഥലങ്ങളാണെന്നും, അവിടെ പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ നിർദ്ദേശിക്കാൻ തുഷാർ ഭോസ്‌ലെക്ക് അധികാരമില്ലെന്നും ദാൻവെ ചോദിച്ചു. ഒരു മുസ്ലീം ക്ഷേത്രദർശനം നടത്തിയാൽ അതിനെ എതിർക്കുന്നതിന് പകരം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഹിന്ദുമതത്തിന്റെ വ്യാപ്തി ചുരുക്കുകയാണെന്ന് ആരോപിച്ച ദാൻവെ, ഹിന്ദുമതം വിശാലവും എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും രാഷ്ട്രീയ ആവശ്യങ്ങൾക്കായി അതിനെ നിയന്ത്രിക്കരുതെന്നും ആവശ്യപ്പെട്ടു.