ന്യൂഡല്‍ഹി: ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയില്‍, ലോകസഭാ പ്രതിപക്ഷ നേതാവും വയനാട്ടില്‍ നിന്നുള്ള മുന്‍ ലോകസഭാംഗവുമായ രാഹുല്‍ ഗാന്ധി നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവച്ചു. ബുധനാഴ്ച ഉച്ചയോട് കൂടി രാഹുല്‍ ദുരന്തമേഖലയില്‍ എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം യാത്ര അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. രാവിലെ 6.30ന് ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ യാത്ര തിരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. രാഹുലിനൊപ്പം പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര റദ്ദാക്കിയിട്ടുണ്ട്.

എത്രയും വേഗം തങ്ങള്‍ വയനാട്ടിലെത്തുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുമെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ എക്‌സിലൂടെ അറിയിച്ചു.