ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ അവഗണിച്ചെന്ന് വിമര്‍ശനം. പ്രോട്ടോകോള്‍ പ്രകാരം പ്രതിപക്ഷ നേതാവിന് മുന്‍നിരയിലാണ് സീറ്റ് നല്‍കേണ്ടത്. എന്നാല്‍, ആ കീഴ്വഴക്കം ലംഘിച്ചു രാഹുലിന് പിന്നില്‍ സീറ്റൊരുക്കി എന്നാണ് വിമര്‍ശനം.

ഒളിമ്പിക്‌സ് താരങ്ങള്‍ക്കൊപ്പം പിന്‍നിരയിലാണ് രാഹുലിന് സീറ്റ് നല്‍കിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, അമിത് ഷാ, എസ്.ജയശങ്കര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പക്ഷേ കാബിനറ്റ് പദവിയുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.

അതേസമയം, സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രംഗത്തെത്തി. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നതിനായാണ് രാഹുലിനെ പിന്നിലേക്ക് മാറ്റിയതെന്നാണ് പ്രതിരോധ മന്ത്രാലയം അനൗദ്യോഗികമായി അറിയിക്കുന്നത്.

മുമ്പ് എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് മുന്‍നിരയില്‍ തന്നെ സീറ്റ് നല്‍കിയിരുന്നു. അതേസമയം, പത്ത് വര്‍ഷത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ രണ്ട് ടേമിലും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായിരുന്നില്ല.