ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയിലെ പ്രശസ്തമായ ബേക്കറി ഷോപ്പില്‍ സന്ദര്‍ശനം നടത്താനാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമയം കണ്ടെത്തിയത്. ബേക്കറിയില്‍ എത്തിയ രാഹുല്‍ ഗാന്ധിയോട് ഒരു അഭ്യര്‍ഥനെ മാത്രമേ ഉടമ സുശാന്ത് ജെയിനിന് നടത്താനുണ്ടായിരുന്നുള്ളു. രാഹുല്‍ ഗാന്ധി എത്രയുംപെട്ടെന്ന് വിവാഹം കഴിക്കണമെന്നും കോണ്‍ഗ്രസ് നേതാവിന്റെ വിവാഹത്തിനുള്ള മധുരപലഹാരങ്ങള്‍ തരാന്‍ തങ്ങള്‍ തയാറാണെന്നും സുശാന്ത് ജെയിന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഗാന്ധി കുടുംബത്തിന് മധുരപലഹാരങ്ങള്‍ നല്‍കുന്നത് തങ്ങളാണെന്ന് സുശാന്ത് ജെയിന്‍ എ.എന്‍.ഐയോട് വെളിപ്പെടുത്തി. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ബേക്കറിയിലെത്തിയാല്‍ ഞങ്ങള്‍ക്കൊപ്പം മധുരപലഹാരങ്ങളുണ്ടാക്കാനും രാഹുല്‍ ഒപ്പമുണ്ടാകും.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്ക് ജിലേബിയാണ് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുണ്ടാക്കാന്‍ രാഹുല്‍ ഞങ്ങള്‍ക്കൊപ്പം കൂടും. മൈദ കൊണ്ട് ഉണ്ടാക്കുന്ന ലഡുവാണ് രാഹുലിന് ഏറ്റവും പ്രിയപ്പെട്ടത്. അതുണ്ടാക്കാനും രാഹുല്‍ അടുക്കളയില്‍ തങ്ങള്‍ക്കൊപ്പം കൂടുമെന്നും ബേക്കറി ഉടമ പറഞ്ഞു.

കഴിഞ്ഞ ദിവസം ബേക്കറിയിലെത്തിയ രാഹുല്‍ ഗാന്ധി കടയിലെ ജീവനക്കാരോട് മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത് കാണിച്ച് തരാമോയെന്ന് ചോദിച്ചു. പിന്നീട് ഓരോ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ വിഡിയോ എക്‌സിലൂടെ പങ്കുവെക്കുകയും ചെയ്തു. ദീപാവലിയെന്നത് കേവലം മധുരപലഹാരത്തിന്റെ താലി മാത്രമല്ലെന്നും അത് ബന്ധങ്ങള്‍ പുതുക്കാനുള്ള സമയം കൂടിയാണെന്നും രാഹുല്‍ എക്‌സില്‍ കുറച്ചു.