ഭോപ്പാൽ: മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകർക്കായുള്ള സംഘടനാ പരിശീലനപരിപാടിയിൽ വൈകിയെത്തിയതിന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 'കടുത്ത ശിക്ഷ' നൽകി പരിശീലകൻ. സംഭവം നടന്നത് മധ്യപ്രദേശിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ്. വൈകിയെത്തിയ രാഹുൽ ഗാന്ധിക്ക് മാത്രമല്ല, മറ്റ് നേതാക്കൾക്കും ഇതേ ശിക്ഷ ലഭിച്ചു. പത്ത് തവണ പുഷ് അപ്പ് ചെയ്യുക എന്നതായിരുന്നു ശിക്ഷ.

ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ഗാന്ധി 'സംഘടൻ സൃഷ്ടി അഭിയാൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. പരിപാടിയുടെ ചുമതലക്കാരനായ സച്ചിൻ റാവു, വൈകിയെത്തുന്നവർക്ക് ശിക്ഷാ നടപടി ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചു. തുടർന്ന്, രാഹുൽ ഗാന്ധി പത്ത് പുഷ് അപ്പുകൾ ചെയ്തു. വെള്ള ടീ-ഷർട്ടും പാന്റ്‌സുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. രാഹുൽ പുഷ് അപ്പ് ചെയ്തതിന് പിന്നാലെ വൈകിയെത്തിയ മറ്റ് നേതാക്കളും ഇത് അനുകരിച്ചു.

ഇതിന് പിന്നാലെ ബിജെപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തി. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല എക്സിൽ കുറിച്ചു. ബിഹാറിൽ രാഹുൽ 'ജംഗിൾ സഫാരി' നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.