ന്യൂഡൽഹി: 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യക്ക് അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടിയ പായൽ കപാഡിയയുടെ സിനിമ ഓൾ വി ഇമാജിൻ അസ് ലൈറ്റിന്റെ മുഴുവൻ ടീമിനും മികച്ച നടിക്കുള്ള അവാർഡ് നേടിയ അനസൂയ സെൻഗുപ്തയെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു.

'അഭിമാനകരമായ ഗ്രാൻഡ് പ്രിക്‌സ് അവാർഡ് നേടിയതിന് പായൽ കപാഡിയയ്ക്കും 'ഓൾ വി ഇമാജിൻ അസ് ലൈറ്റി'ന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. 'ദ ഷെയിംലെസ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിന് കീഴിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ അനസൂയ സെൻഗുപ്തക്ക് അഭിനന്ദനങ്ങൾ. ഈ സ്ത്രീകൾ ചരിത്രം രചിക്കുകയും ഇന്ത്യൻ ചലച്ചിത്ര സാഹോദര്യത്തെ മുഴുവൻ പ്രചോദിപ്പിക്കുകയും ചെയ്തു' -രാഹുൽ എക്‌സിൽ കുറിച്ചു.

മുപ്പതു വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ഫിലിം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്. രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ?ഗ്രാൻ പ്രി അവാർഡ് ചിത്രം കരസ്ഥമാക്കി.

ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോക്ക് ശേഷം തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കൾ ആണെന്നും, അഭിനേതാക്കൾ എന്നതിലുപരി ഇതിലെ താരങ്ങൾ ഉൾപ്പെടെ ഞങ്ങൾ ഒരു കുടുംബമാണെന്നും ആ സ്‌നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും പായൽ കപാഡിയ പറഞ്ഞു.

കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.