ബംഗളൂരു: കർണാടകയിൽ വോട്ടെണണൽ പുരോഗമിക്കവെ, വ്യക്തമായ ഭൂരിപക്ഷവുമായി മുന്നേറുന്നതിൽ ആഹ്ലാദം പങ്കുവെച്ച് രാഹുൽ ഗാന്ധിയുടെ വിഡിയോയുമായി കോൺഗ്രസ്. ''ഞാൻ അജയ്യനാണ്, എനിക്ക് ആത്മവിശ്വാസമുണ്ട്, അതെ ഇന്ന് ആർക്കും എന്നെ തടയാനാവില്ല'-എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ രാഹുലിന്റെ വീഡിയോ പങ്കുവെച്ചത്.

വോട്ടെണ്ണൽ തുടങ്ങും മുമ്പേ ഡൽഹിയിലെ ഓഫിസിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിരുന്നു. ട്വിറ്ററിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവച്ചാണ് കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷം.

പാട്ടും ഭാംഗ്ര നൃത്തവുമായി ഉത്സവാന്തരീക്ഷത്തിലാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം. കർണാടകയിലെ വിജയത്തിൽ നന്ദി പറഞ്ഞ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര എന്നിവർക്കായി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു.

വോട്ടെണ്ണൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 129 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. 66 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 23 സീറ്റിൽ ജെ.ഡി.എസും മറ്റുള്ളവർ 6 സീറ്റിലുമാണ് മുന്നിട്ടുനിൽക്കുന്നത്.