ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ സർക്കാർ ചർച്ചക്ക് തയാറാകണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. കായികതാരങ്ങളുടെ ഗ്രാമങ്ങൾ സമരത്തിന് തയാറാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. കർഷക സമരത്തെ കുറിച്ച് കേന്ദ്രസർക്കാരിന് ഓർമയില്ലേ? ബ്രിജ് ഭൂഷൺ അയോധ്യയിലെ റാലി മാറ്റിയത് ഖാപ് പഞ്ചായത്തിന്റെ ശക്തി ബോധ്യമായതുകൊണ്ടാണെന്നും ഹരിയാനയിൽ നടക്കുന്ന ഖാപ് പഞ്ചായത്തിൽ രാകേഷ് ടിക്കായത്ത് പറഞ്ഞു.

അതിനിടെ, ബ്രിജ് ഭൂഷന്റെ നിലപാടുകളിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ജനുവരി 18 മുതൽ ആരംഭിച്ച ഗുസ്തി താരങ്ങളുടെ സമരത്തിൽ ഒരിക്കൽ പോലും കേന്ദ്രസർക്കാർ ചർച്ചക്ക് തയ്യാറായിട്ടില്ല. ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങൾ കായികതാരങ്ങളുടെ സമരം ഏറ്റെടുക്കാൻ തയ്യാറാണ്. ഖാപ് പഞ്ചായത്തിൽ നിന്നൊരു തീരുമാനം ഉണ്ടാകാൻ ഗ്രാമങ്ങൾ കാത്തിരിക്കുകയാണ്.-ടികായത്ത് പറഞ്ഞു.

ഖാപ് പഞ്ചായത്ത് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. തുടർസമര പരിപാടികൾ സംബന്ധിച്ച് വൈകീട്ടോടെ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബി.ജെ,പി സമ്മർദത്തിലായ സാഹചര്യത്തിൽ ബ്രിജ് ഭൂഷന്റെ അയോധ്യ റാലി മാറ്റി വെച്ചിരുന്നു. പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സന്യാസിമാരാണ് ബ്രിജ്ഭൂഷണ് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്.

സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ടാണ് റാലി മാറ്റിവെച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.