ഡൽഹി: പൊതുസ്ഥലങ്ങളിലെ തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുൻ ലോക്സഭാ എംപിയും കോൺഗ്രസ് നേതാവുമായ നടി ദിവ്യ സ്പന്ദന എന്ന രമ്യ. പുരുഷന്മാരുടെ മനസ്സ് വായിക്കാൻ കഴിയില്ലെന്നും അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്നോ കൊലപാതകം നടത്തുകയെന്നോ അറിയാൻ കഴിയില്ലെന്നും, അങ്ങനെയെങ്കിൽ എല്ലാവരെയും ജയിലിൽ അടക്കണോ എന്നുമായിരുന്നു രമ്യയുടെ ചോദ്യം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രമ്യ ഈ ചോദ്യം ഉന്നയിച്ചത്. 'പുരുഷന്മാരുടെ മനസ്സ് വായിക്കാൻ സാധിക്കില്ല. അവർ എപ്പോഴാണ് ബലാത്സംഗം ചെയ്യുകയെന്നോ കൊലപാതകം നടത്തുകയെന്നോ പ്രവചിക്കാൻ കഴിയില്ല. അങ്ങനെയെങ്കിൽ എല്ലാ പുരുഷന്മാരെയും ജയിലിൽ അടയ്‌ക്കേണ്ടി വരില്ലേ?' എന്നാണ് അവർ ചോദിച്ചത്.

തെരുവ് നായ ശല്യവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് പൊതുയിടങ്ങളിൽ നിന്ന് നായകളെ നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നായകൾ രാവിലെ ഏത് മനോഭാവത്തിലാണെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഈ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് രമ്യയുടെ ഈ പ്രതികരണം.