ഹൈദരാബാദ്: ഹൈദരാബാദിലെ മീർപേട്ട് നന്ദനവനം കോളനിയിലെ വീട്ടിൽ പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിൽ തിങ്കളാഴ്ചയാണ് സംഭവം. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ സഹോദരനെ ഭീഷണിപ്പെടുത്തിയ ശേഷം കത്തി ചൂണ്ടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ടംഗ യുവാക്കളുടെ സംഘം വീടിനുള്ളിൽ അതിക്രമിച്ചുകയറിയതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

പ്രതികളിൽ നാല് പേർ ചേർന്ന് ഇരയെ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് കൊണ്ടുപോയി. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരയെ വൈദ്യപരിശോധനയ്ക്കായി സഖി സെന്ററിലേക്ക് അയക്കുകയും ചെയ്തു. പ്രതികളെ പിടികൂടാൻ പൊലീസ് ഏഴ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. രചകൊണ്ട പൊലീസ് കമ്മീഷണർ ഡി.എസ്. ചൗഹാൻ സംഭവസ്ഥലം സന്ദർശിച്ചു. അതിനിടെ കേസിൽ നാലുപേർ പിടിയിലായിട്ടുണ്ട്. ഇവരെ മീർപേട്ട് പൊലീസ് ചോദ്യം ചെയ്തു വരുന്നു. പ്രതികൾ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് സൂചന.