ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ സി.ബി.ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാക്കി. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

അതേസമയം, ആര്‍.ജി. കര്‍ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതറില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി.

അതേ സമയം ആ.ര്‍ജി. കാര്‍ ആശുപത്രിയിലെ പുതിയ പ്രിന്‍സിപ്പലടക്കം മൂന്നു പേരെ ബംഗാള്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ജോലിയില്‍ പ്രവേശിച്ച് പത്തു ദിവസത്തിനകമാണ് പ്രിന്‍സിപ്പല്‍ ഡോ. സുഹൃത പോളിനെ പിരിച്ചുവിട്ടത്. മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷ് രാജിവച്ചതിനെ തുടര്‍ന്ന് 12ാം തീയതിയാണ് സുഹൃത ചുമതലയേല്‍ക്കുന്നത്. സുഹൃതയ്ക്ക് പുറമേ വൈസ് പ്രിന്‍സിപ്പലും ഹോസ്പിറ്റല്‍ സൂപ്രണ്ടുമായ ബുള്‍ബുള്‍ മുഖോപാധ്യായെയും ഹൃദ്രോഗ വകുപ്പ് മേധാവി അരുണാഭ ദത്ത ചൗധരിയെയും പിരിച്ചുവിട്ടു.

പിജി ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒരു കൂട്ടം ആളുകള്‍ ഈ മാസം 15ന് ആശുപത്രിയില്‍ അതിക്രമം നടത്തിയിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ചുമതലയിലുണ്ടായിരുന്ന ആളുകള്‍ക്കെതിരെ നടപടി വേണമെന്ന വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വാസ്ത്യ ഭവനിലേക്ക് വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും മാര്‍ച്ച് നടത്തിയിരുന്നു. ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങി ആശുപത്രി അടിച്ചു തകര്‍ത്ത സമയത്തുണ്ടായിരുന്ന അധികാരികളെ പിരിച്ചുവിടണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, പ്രതിഷേധക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത നാഷനല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്നും സന്ദീപ് ഘോഷിനെ നീക്കം ചെയ്തു. ആര്‍.ജി. കാര്‍ ആശുപത്രിയില്‍ നിന്നും രാജിവച്ചതിനു പിന്നാലെ സന്ദീപ് ഘോഷ് നാഷനല്‍ മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പലായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ആര്‍.ജി. കാര്‍ ആശുപത്രിയില്‍ പുതിയ പ്രിന്‍സിപ്പലായി മനാസ് ബന്ദോപാദ്യായ് ചുമതലയേല്‍ക്കും. നേരത്തെ ബരാസത്ത് മെഡിക്കല്‍ ആശുപത്രിയിലെ പ്രിന്‍സിപ്പലായിരുന്നു മനാസ്. ബുള്‍ബുള്‍ മുഖോപാധ്യായിക്ക് പകരം സപ്തര്‍ഷി ചാറ്റര്‍ജി ചുമതലയേല്‍ക്കുമെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു.