- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിപ്പോ വർധനവില്ല; നിരക്ക് 6.50 ശതമാനത്തിൽ തുടരും; കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ നിരക്കു വർധനവ് വേണ്ടെന്നു വെച്ചു
ന്യൂഡൽഹി: റിപ്പോ നിരക്ക് ഉയരില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഇതോടെ റിപ്പോ നിരക്ക് 6.50 ശതമാനമായി തന്നെ തുടരും. ഏപ്രിൽ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷമാണ് തീരുമാനം. പണപ്പെരുപ്പം കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വർധനവ് വേണ്ടെന്നു വെക്കുകയാണെന്നും ആർബിഐ ഗവർണർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് വ്യാപന ഭീഷണിയുടെയും ആഗോള ബാങ്കിങ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് ആർബിഐ റിപ്പോ നിരക്ക് വർധനവ് വേണ്ടെന്ന് വെച്ചത്. ഇപ്പോഴത്തെ സാമ്പത്തിക വർഷം 6.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിലവിലെ പണപ്പെരുപ്പത്തിലെ നേരിയ കുറവും വളർച്ചാ മാന്ദ്യവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ നിരക്ക് കുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.2022 മെയ് മാസം മുതലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയത്.
ഇതിനോടകം ആറ് തവണയാണ് നിരക്ക് ഉയർത്തിയിട്ടുള്ളത്. 2022 ഡിസംബറിൽ 35 ബിപിഎസ് വർധനവും 2022 ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബിപിഎസ് വീതവും വർധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരിയിൽ ആർബിഐ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചതോടെയാണ് റിപ്പോ നിരക്ക് നാല് ശതമാനത്തിൽ നിന്ന് ഇപ്പോഴത്തെ 6.50 ശതമാനത്തിലേക്ക് ഉയർന്നത്. നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.




