ന്യൂഡൽഹി: കോൺഗ്രസ് മുൻ വക്താവ് രോഹൻ ഗുപ്ത ബിജെപി അംഗത്വം സ്വീകരിച്ചു. മാർച്ച് 22 നാണ് ഗുപ്ത കോൺഗ്രസിൽനിന്ന് രാജിവച്ചത്. മുതിർന്ന നേതാവിൽനിന്ന് വ്യക്തിഹത്യയും അപമാനവും നേരിടേണ്ടിവരുന്നു എന്ന് പറഞ്ഞാണ് ഗുപ്ത പാർട്ടിവിട്ടത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെ എന്നിവരുടെ സാന്നിധ്യത്തിലാണ് രോഹൻ ഗുപ്ത അംഗത്വം സ്വീകരിച്ചത്.

ഇത്തവണ ഗുജറാത്തിലെ അഹ്മദാബാദ് ഈസ്റ്റിൽ ഗുപ്തയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയിരുന്നുവെങ്കിലും പിതാവിന്റെ അനാരോഗ്യവും എതിർപ്പും ചൂണ്ടിക്കാട്ടി പിന്നീട് സ്ഥാനാർത്ഥിത്വത്തിൽനിന്നു പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് 15 വർഷത്തെ സേവനത്തിനു ശേഷം രോഹൻ ഗുപ്ത പാർട്ടി വിട്ടത്.

നിരന്തരമായ അപമാനവും വ്യക്തിഹത്യയും കാരണം 15 വർഷം സേവിച്ച പാർട്ടി വിടുകയാണെന്നാണ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കു നൽകിയ രാജിക്കത്തിൽ രോഹൻ ഗുപ്ത കുറിച്ചത്. എഐസിസി കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഒരു നേതാവിനെതിരെ ആരോപണമുയർത്തിയായിരുന്നു അദ്ദേഹത്തിന്റെ രാജി.