ചെന്നൈ: റെയിൽവേ കോൺസ്റ്റബിളിനെയും രണ്ടുമക്കളെയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മധുര റെയിൽവേ സ്റ്റേഷനിൽ ജോലിചെയ്യുന്ന ജയലക്ഷ്മി(35)യെയും രണ്ടുമക്കളെയും മധുരയ്ക്ക് സമീപം റെയിൽവേ ട്രാക്കിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയലക്ഷ്മി ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കുകഴിയായിരുന്നു.

ജയലക്ഷ്മിയുടെ സുഹൃത്തും ആർ.പി.എഫ്. സേനാംഗവുമായ പാണ്ഡ്യനെ(47) മറ്റൊരിടത്ത് മരിച്ചനിലയിലും കണ്ടെത്തി. ജയലക്ഷ്മിയും സുഹൃത്തും ബന്ധത്തിലായിരുന്നവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും ഒരുമിച്ചുള്ള യാത്രയും ജോലിക്ക് കൃത്യമായി ഹാജരാകാത്തതും ഉന്നതോദ്യോഗസ്ഥർ ചോദ്യംചെയ്തിരുന്നു.

ഇവരുടെ ബന്ധത്തെ തുടർന്നു തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്കും പാണ്ഡ്യനെ തിരുനെൽവേലിയിലേക്കും രണ്ടുദിവസംമുമ്പ് സ്ഥലംമാറ്റി. മനംനൊന്താണ് രണ്ടുപേരും രണ്ടുസ്ഥലങ്ങളിലായി ജീവനൊടുക്കിയതെന്നാണ് റെയിൽവേ പൊലീസിന്റെ പ്രാഥമിക നിഗമനം.