ന്യൂഡല്‍ഹി: ഏജന്റുമാരാല്‍ കബളിപ്പിക്കപ്പെട്ട് റഷ്യന്‍ സൈന്യത്തിന്റെ ക്യാമ്പില്‍ യുദ്ധമുഖത്ത് എത്തപ്പെട്ട ആറ് യുവാക്കള്‍ക്ക് മോചനം. ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ആറ് ഇന്ത്യക്കാരെ റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നത്.

തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയില്‍ നിന്നുള്ള മുഹമ്മദ് സൂഫിയാന്‍, ഗുല്‍ബര്‍ഗയില്‍ നിന്നുള്ള മുഹമ്മദ് ഇല്യാസ് സയ്യിദ് ഹുസൈനി (23), മുഹമ്മദ് സമീര്‍ അഹമ്മദ് (24), നയീം അഹമ്മദ് (23) എന്നിവര്‍ സംഘത്തിലുണ്ട്. കശ്മീരില്‍ നിന്നുള്ള ഒരു യുവാവും കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരാളും വ്യാഴാഴ്ച വൈകുന്നേരം മോസ്‌കോയില്‍ നിന്ന് വിമാനം കയറിയിരുന്നു.

റഷ്യന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹെല്‍പ്പര്‍മാരായി ജോലിക്ക് അപേക്ഷിച്ചെന്ന് വിശ്വസിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. പിന്നീട് ഇവരുടെ ജീവന്‍ പോലും അപകടത്തിലാക്കി യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുകകയായിരുന്നുവെന്ന് യുവാക്കളുടെ കുടുംബങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നവംബറില്‍ റഷ്യയിലേയ്ക്ക് പോയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സാന്‍ അവിടെവെച്ച് മരണമടഞ്ഞത് കുടുംബങ്ങളില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 91 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്തതായും അതില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 69 ഇന്ത്യക്കാര്‍ മോചനത്തിനായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഓഗസ്റ്റ് 9 ന് ലോക്സഭയെ അറിയിച്ചിരുന്നു.