മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശനവുമായി ശിവസേന മുഖപത്രമായ സാമ്‌ന. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നതെന്ന് ശിവസേന (യു.ബി.ടി). കുറ്റപ്പെടുത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിമർശനം.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ഒരു ഏകാധിപതി ഇത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സാമ്‌നയിൽ പറയുന്നു. മഹാഭാരതത്തിലെ കഥാപാത്രമായ കംസനോടും മോദിയെ സാമ്‌ന മുഖപത്രം ഉപമിക്കുന്നുണ്ട്.

താൻ ഭയപ്പെട്ടവരെയെല്ലാം കംസൻ ജയിലിലടച്ചു. എന്നാൽ അവന്റെ വിധിയെഴുതാൻ കൃഷ്ണൻ ജനിച്ചു എന്നാണ് മുഖപത്രത്തിലെ പരാമർശം. ഔറംഗസേബ് തന്റെ എതിരാളികളെ സമാന്തരരാക്കുകയോ അവരെ ഉന്മൂലനം ചെയ്യുകയോ ചെയ്തു. രാജ്യത്ത് കേന്ദ്ര സർക്കാരിലും ഇതേ പ്രവണതയാണ് കാണാൻ സാധിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഉയർന്ന് കേൾക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ദോഷമാണെന്നും പാർട്ടി പറഞ്ഞു.

ചൈനയിലും റഷ്യയിലും പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാകുകയോ ചെയ്യുന്നു, എന്നാൽ ഇന്ത്യയിൽ അവരെ കള്ളക്കേസുകളിൽ കുടുക്കുകയും മാസങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നു. 2014 മുതൽ കേന്ദ്ര ഏജൻസികളുടെ 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. ബിജെപി തങ്ങൾക്കെതിരായ എതിർശബ്ദങ്ങളെ അവസാനിപ്പിച്ച് ഖജവാന് നിറക്കാനുള്ള ശ്രമത്തിലാണെന്നും അതിനായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.