- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി സർവെ; കർണാടകയിൽ സ്കൂളുകൾക്ക് ഒക്ടോബർ 18 വരെ അവധി; സർവേ ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ബംഗളൂരു: സംസ്ഥാനവ്യാപകമായി നടക്കുന്ന ജാതി സർവേയുടെ പശ്ചാത്തലത്തിൽ കർണാടകയിലെ സ്കൂളുകൾക്ക് ഒക്ടോബർ 18 വരെ അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. ജാതി സർവേക്കായി വിവരങ്ങൾ ശേഖരിക്കുന്നതിൽ അധ്യാപകരും പങ്കാളികളായതിനാലാണ് ഈ നടപടി. സർവേ ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട മൂന്ന് ജീവനക്കാരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സെപ്റ്റംബർ 22ന് ആരംഭിച്ച ജാതി സർവേ ഒക്ടോബർ 7ന് പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, ചില ജില്ലകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർവേ പൂർത്തിയാക്കാൻ ഒക്ടോബർ 10 വരെ സമയം നീട്ടി നൽകിയിരുന്നു. കൊപ്പൽ ജില്ലയിൽ 97 ശതമാനം ജോലികളും പൂർത്തിയായെങ്കിലും, ഉഡുപ്പിയിൽ 63 ശതമാനവും ദക്ഷിണ കന്നഡയിൽ 60 ശതമാനവും മാത്രമാണ് പൂർത്തിയായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തുടനീളം പ്രതീക്ഷിച്ച വേഗതയിൽ സർവേ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 420 കോടി രൂപ ചെലവിൽ 1.43 കോടിയിലേറെ വീടുകളെ അടിസ്ഥാനമാക്കി നടത്തുന്ന ഈ സർവേയുടെ ചുമതല പിന്നാക്ക വകുപ്പിനാണ്. അതേസമയം, പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകരെ സർവേ ജോലികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജാതി സെൻസസ് നടത്തുന്ന രീതിയെയും ചോദ്യാവലിയെയും ബി.ജെ.പി നേരത്തെ വിമർശിച്ചിരുന്നു.
എന്നാൽ, ജാതി സെൻസസിനെ എതിർക്കുന്ന പ്രതിപക്ഷ നേതാക്കളെ 'കപടത നിറഞ്ഞവർ' എന്ന് സിദ്ധരാമയ്യ വിശേഷിപ്പിച്ചു. ഒരിക്കൽ ബിഹാറിലും തെലുങ്കാനയിലും ജാതി സെൻസസിനെ പിന്തുണച്ച കേന്ദ്ര സർക്കാർ, കർണാടകയിൽ ഇത് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.