ഹൈദരാബാദ്: മോഷണം പോയ സ്കൂട്ടർ തിരികെക്കിട്ടാൻ ഉടമയെ സഹായിച്ചത് ട്രാഫിക് പൊലീസ്. ഹെൽമെറ്റ് വയ്ക്കാതെ സ്കൂട്ടർ ഓടിച്ച കള്ളന്റെ ചിത്രം സഹിതം മൊബൈലിൽ 'ചലാൻ' എത്തിയതോടെയാണ് മൂന്ന് മാസം മുൻപ് കൈവിട്ടുപോയ വാഹനം ഹൈദരാബാദ് സ്വദേശി ഫൈസൽ റഹ്മാൻ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ജനുവരി 24-നാണ് ഫൈസലിന്റെ സ്കൂട്ടർ മോഷണം പോയത്. പൊലീസിൽ പരാതി നൽകിയെങ്കിലും മാസങ്ങളോളം വിവരമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഏപ്രിൽ ഏഴിന് ഫൈസലിന്റെ ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദേശമെത്തി. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് പിഴയൊടുക്കണമെന്നായിരുന്നു ട്രാഫിക് പൊലീസിന്റെ അറിയിപ്പ്. ചലാനൊപ്പമുള്ള ലിങ്കിൽ കയറി ചിത്രം പരിശോധിച്ച ഫൈസൽ അക്ഷരാർത്ഥത്തിൽ ഞെട്ടി. തന്റെ സ്കൂട്ടറിൽ ഹെൽമെറ്റില്ലാതെ ഒരു യുവാവ് ചീറിപ്പായുന്ന ചിത്രം ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരിക്കുന്നു.

ഉടൻതന്നെ ചലാനിലെ ചിത്രം സഹിതം ഫൈസൽ ഹൈദരാബാദ് പൊലീസിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സംഭവം വൈറലായതോടെ പൊലീസ് ഉണർന്നുപ്രവർത്തിച്ചു. ചലാൻ ലഭിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ചയോടെ വാഹനം കണ്ടെത്തുകയും ഓടിച്ചിരുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിയിലായ ആൾ തന്നെയാണോ മോഷണം നടത്തിയത് അതോ മറ്റൊരാളിൽ നിന്ന് വാഹനം വാങ്ങിയതാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

വാഹനം തിരികെ കിട്ടിയതിൽ ഫൈസൽ സന്തോഷം പ്രകടിപ്പിച്ചെങ്കിലും പൊലീസിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഒരു വാഹനം മോഷണം പോയതായി പരാതി ലഭിച്ചാൽ ട്രാഫിക് വിഭാഗത്തിന്റെ ഡാറ്റാബേസിൽ അത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മോഷണം പോയ വാഹനങ്ങളുടെ പേരിൽ യഥാർത്ഥ ഉടമ പിഴയൊടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സംവിധാനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.