ന്യൂഡൽഹി: തലസ്ഥാനത്തെ ഗുരു തേജ് ബഹാദൂർ (ജി.ടി.ബി.) സർക്കാർ ആശുപത്രിയിൽ പ്രസവിച്ചു കിടക്കുന്ന സഹോദര ഭാര്യയെ കാണാനെത്തിയ യുവതിക്ക്, ബുർഖ ധരിച്ചതിനെത്തുടർന്ന് പ്രവേശനം നിഷേധിച്ചതായി പരാതി. ഗേറ്റ് പാസുണ്ടായിട്ടും തന്നെ തടഞ്ഞുവെന്നും, അകത്തേക്ക് പോകണമെങ്കിൽ ബുർഖ ഊരി മാറ്റണമെന്നും സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടതായി ഡൽഹി സ്വദേശിനി തബസ്സും പറഞ്ഞു.

വനിതാ സുരക്ഷാ ജീവനക്കാരാണ് വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ തടഞ്ഞതെന്ന് തബസ്സും ആരോപിച്ചു. "എൻ്റെ കയ്യിൽ പാസുണ്ടായിട്ടും എന്നെ രണ്ട് വനിതാ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ഇത് ധരിച്ച് നിങ്ങൾക്ക് അകത്തേക്ക് പോകാൻ കഴിയില്ലെന്നും, ആശുപത്രിയിൽ ബുർഖ അനുവദനീയമല്ലെന്നും വനിതാ വാർഡിൽ പോലും പോകാനാവില്ലെന്നും അവർ പറഞ്ഞു. എന്ത് നിയമപ്രകാരമാണിതെന്ന ചോദ്യത്തിന് അവർ വിശദീകരണം നൽകാൻ തയ്യാറായില്ല," തബസ്സും പറഞ്ഞു.

ഈ സംഭവം രാജ്യത്തെ ന്യൂനപക്ഷങ്ങൾ പൊതു ഇടങ്ങളിൽ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭാഗമാണെന്ന് ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ ഡോ. ഇർഫാൻ അഹമ്മദ് പ്രതികരിച്ചു. "മുമ്പ് സ്കൂളുകളിലും കോളേജുകളിലുമായിരുന്നു ഇത്തരം സംഭവങ്ങൾ, ഇപ്പോൾ ആശുപത്രികളിൽ വരെ എത്തിയിരിക്കുന്നു. ഇത് സ്വീകരിക്കാനാവില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രവൃത്തികൾ ന്യൂനപക്ഷങ്ങളെ അത്യാവശ്യ പൊതു ഇടങ്ങളിൽ പോലും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം വിലയിരുത്തി.