ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ വെച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാ ആര്യമാൻ സിന്ധ്യയുടെ കാൽ തൊട്ട് വന്ദിച്ച് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ദേവേന്ദ്ര കുമാർ ജെയിൻ. 73 വയസ്സുകാരനായ ദേവേന്ദ്ര കുമാർ ജെയിൻ, 31 വയസ്സുകാരനായ മഹാ ആര്യമാൻ സിന്ധ്യയുടെ കാൽ തൊട്ട് വണങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ശിവപുരി ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. ശിവപുരിയിൽ നിന്ന് മൂന്ന് തവണ നിയമസഭാംഗമായ ദേവേന്ദ്ര കുമാർ ജെയിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഈ സംഭവം. 69-ാമത് ദേശീയ ഗെയിംസ് ചടങ്ങുകൾക്കിടെയാണ് ഇത് നടന്നത്. മഹാ ആര്യമാൻ സിന്ധ്യ കേക്ക് വാങ്ങിപ്പിച്ച് മുറിച്ചതിന് പിന്നാലെയാണ് ദേവേന്ദ്ര കുമാർ ജെയിൻ അദ്ദേഹത്തിൻ്റെ കാൽതൊട്ട് വണങ്ങിയത്.

പ്രായത്തിൽ ഇളയവരുടെ കാൽ തൊടാൻ പാടില്ലെന്ന് ഭരണഘടനയിലെവിടെയും എഴുതിയിട്ടില്ലല്ലോ എന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് ദേവേന്ദ്ര കുമാർ ജെയിന്റെ പ്രതികരണം. എന്നാൽ, ഈ സംഭവവുമായി ബന്ധപ്പെട്ട് മഹാ ആര്യമാൻ സിന്ധ്യയോ ബിജെപി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.