ബെംഗളൂരു: ഇൻജക്ഷൻ ഡോസ് കൂടിപ്പോയതിനെ തുടർന്ന് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. സോനേഷ് എന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്.

അജ്ജംപുര സ്വദേശിയായ സോനേഷിന്‍റെ പിതാവ് അശോകൻ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തു. ഡോക്ടർ വരുണിന്റെ അശ്രദ്ധ കാരണമാണ് തന്റെ മകൻ മരിച്ചതെന്നായിരുന്നു അശോകിന്റെ പരാതി.

കടുത്ത പനിയെ തുടർന്നാണ് സോനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനക്ക് ശേഷം കുത്തവെയ്പ്പ് നൽകി ഡോക്ടർ വരുണ്‍ കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയപ്പോഴേക്കും സോനേഷിന്‍റെ ശരീരത്തിൽ കുമിളകൾ കണ്ടെത്തി. പിന്നാലെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പ്രാഥമിക അന്വേഷണത്തിൽ വരുണിന് ആയുർവേദ മെഡിസിൻ ആൻ്റ് സർജറിയിൽ ബിരുദം (ബിഎഎംഎസ്) ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഇയാൾക്ക് കുത്തിവയ്പ്പ് നൽകാനുള്ള അധികാരമില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുയത്താൽ വിവരങ്ങൾ പുറത്തു വരുന്നതിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അളവ് കൂട്ടി മരുന്ന് കുത്തിവെക്കാനുണ്ടായ കാരണമുൾപ്പെടെ സമഗ്രമായി അന്വേഷിച്ച് മതിയായ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേസമയം, കർണാടകയിലെ ദാവൻഗരെ ജില്ലയിൽ സിസേറിയനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് ഏഴ് വയസ്സുകാരന്റെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.