ബെംഗളൂരു: സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ സീനിയർ വിദ്യാർത്ഥിനിയെ സഹപാഠിയായ ജൂനിയർ വിദ്യാർത്ഥി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ 22 വയസ്സുള്ള ജീവൻ ഗൗഡ എന്ന വിദ്യാർത്ഥിയെ ഹനുമന്ത് നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്ററിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഹനുമന്ത് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഒക്ടോബർ 10-ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റഡി മെറ്റീരിയൽ ശേഖരിക്കാനെന്ന വ്യാജേന വിദ്യാർത്ഥിനിയെ സമീപിച്ച ജീവൻ ഗൗഡ, ഏഴാം നിലയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥിനി ചെറുത്തുനിന്നതോടെ ആറാം നിലയിലെ പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. അതിക്രമത്തിന് ശേഷം വിദ്യാർത്ഥിനിയുടെ ഫോണും പ്രതി തട്ടിയെടുത്തതായി പറയപ്പെടുന്നു.

സംഭവത്തെക്കുറിച്ച് അധ്യാപകരോട് പറയാൻ ഭയന്ന വിദ്യാർത്ഥിനി, വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോടാണ് വിവരം വെളിപ്പെടുത്തിയത്. പ്രതിയും പരാതിക്കാരിയും കോളേജിൽ പരിചയമുള്ളവരാണെന്നും, പരീക്ഷകളിൽ തോറ്റതിനെത്തുടർന്ന് ജീവൻ ഗൗഡ വിദ്യാർത്ഥിനിയേക്കാൾ ഒരു വർഷം പിന്നിലായാണ് കോഴ്സ് ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.