ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെ.എൻ.യു സർവകലാശാല വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഷർജീൽ ഇമാമിന് ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്. ജാമിഅ മില്ലിയ ഇസ്ലാമിയയിലും എഎംയുവിലും ഷർജീൽ നടത്തിയ സിഎഎ വിരുദ്ധ പ്രസംഗങ്ങളിലാണ് കേസെടുത്തത്.

എന്നാൽ ഗൂഢാലോചനക്കേസിൽ പ്രതിയായതിനാൽ പുറത്തിറങ്ങാനാകില്ല. എൻ.എഫ്.സി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അഡീഷണൽ സെഷൻസ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നൽകിയത്. 30000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.

പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ ഷർജിൽ ഇമാം 2020 മുതൽ ജയിലിലാണ്. 2019 ഡിസംബർ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് എൻ.എഫ്.സി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്. 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങൾക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചു.

ഷർജീൽ ഇമാമിനെതിരെയുള്ള തെളിവുകൾ ശുഷ്‌കമാണെന്നും വ്യക്തമല്ലെന്നും നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചുവെന്നത് തെളിയിക്കാൻ പര്യാപ്തമല്ലെന്നും പറഞ്ഞിരുന്നു.