ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ ഭാരക്കൂടുതലിന്റെ പേരില്‍ ഗുസ്തി ഫൈനലില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ട് ഇന്ന് രാവിലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.മത്സരത്തില്‍ ഗു്സ്തി ജയിച്ചെ്ന്നും ഇനി പോരാടാന്‍ തനിക്ക് കഴിയില്ലെന്നുമാണ് താരം വിരമിക്കലിന്റെ ഭാഗമായി പറഞ്ഞത്.പിന്നാലെ രാഷ്ട്രീയ രംഗത്ത് നിന്നുള്‍പ്പടെ നിരവധി പേരാണ് താരത്തെ പിന്തുണച്ച് രംഗത്ത് വന്നത്.ഇപ്പോഴിത കോണ്‍ഗ്രസ്സ് എം പി ശശി തരൂറും വിനേഷ് ഫോഗാട്ടിന്റെ വിരമിക്കലില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

'അവള്‍ക്ക് ഈ വ്യവസ്ഥിതി മടുത്തു, അവള്‍ക്ക് പോരാടി മടുത്തു' എന്നാണ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി രാഷ്ട്രീയ നേതാക്കള്‍ വിനേഷിനോട് തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ശക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമെന്നാണ് വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിശേഷിപ്പിച്ചത്. നിങ്ങള്‍ തോറ്റിട്ടില്ല, രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് നിങ്ങള്‍ക്കൊപ്പമുണ്ട് ' എന്നാണ് ഗൗരവ് സമൂഹ മാദ്ധ്യമങ്ങളില്‍ കുറിച്ചത്.

ഇന്ന് രാവിലെ തന്റെ എക്‌സ് പേജിലൂടെയായിരുന്നു വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു.ഞാന്‍ തോറ്റു. നിന്റെ സ്വപ്നങ്ങളും എന്റെ ധൈര്യവും തകര്‍ന്നു. എനിക്ക് ഇനി കരുത്തില്ല. ഗുഡ്ബൈ റസ്ലിംഗ് 2001 - 2024. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കണം' എന്നാണ് വിനേഷ് കുറിച്ചത്.ശരീര ഭാരം നൂറ് ഗ്രാം കൂടിയതിനാല്‍ വനിതകളുടെ 50കിലോ ഫ്രീസ്റ്റൈല്‍ ഫൈനലിന് വിനേഷിനെ ഇന്നലെ അയോഗ്യയാക്കിരുന്നു. പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ചരിത്ര ഫൈനലില്‍ ഉറപ്പായിരുന്ന മെഡല്‍ വിനേഷിന് നഷ്ടമായത് കായികപ്രേമികളുടെ നെഞ്ചില്‍ താങ്ങാനാകാത്ത ഭാരമായി. ഫൈനലില്‍ അമേരിക്കന്‍ താരം സാറ ആനിനോട് തോറ്റാല്‍പ്പോലും വെള്ളിമെഡല്‍ കിട്ടുമായിരുന്ന വിനേഷിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഒളിമ്പിക് ഗുസ്തി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രം കുറിച്ച വിനേഷ് ചരിത്ര മെഡല്‍ നേട്ടത്തിന്റെ വക്കിലാണ് പുറത്തായത്.

അതേസമയം, വെള്ളി മെഡല്‍ പങ്കിടണമെന്ന് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലില്‍ കോടതി വ്യാഴാഴ്ച വിധി പറയും. വിധി വിനേഷിന് അനുകൂലമായാല്‍ ഒളിമ്പിക് കമ്മിറ്റിക്ക് വെള്ളി മെഡല്‍ രണ്ടുപേര്‍ക്കായി പങ്കുവയ്ക്കേണ്ടി വരും.